സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതി മാറാനും അതിനെ കുറിച്ചു സംസാരിച്ചു തുടങ്ങാനും ഉയരെ പ്രചോദനമാകുമെന്ന് കരുതുന്നു; പാര്‍വതി

അഭിനയമികവ് കൊണ്ടും ഉറച്ച നിലപാട് കൊണ്ടും സിനിമാമേഖലയില്‍ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ നടിയാണ് പാര്‍വതി. ഉയരെയാണ് പാര്‍വതിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പല്ലവി എന്ന തന്റെ കഥാപാത്രം മറ്റുള്ളവര്‍ക്ക് പ്രചോദനം എന്നതിനപ്പുറം സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതി മാറാന്‍ ഉപയുക്തമാകുമെന്നാണ് കരുതുന്നതെന്ന് പാര്‍വതി പറയുന്നു.

“സിനിമയില്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയായി അഭിനയിച്ചതു കൊണ്ട് ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു എന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം അവര്‍ അനുഭവിച്ച അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും ആകില്ല. അതിനാല്‍ നാം അവര്‍ക്കല്ല അവര്‍ നമുക്കാണ് പ്രചോദനമാകുന്നത്. അവരെ മനസിലാക്കുക, ബഹുമാനിക്കുക, ഒപ്പം നിര്‍ത്തുക അതാണ് വേണ്ടത്. കാരണം ബാഹ്യസൗന്ദര്യം നഷ്ടപ്പെട്ടാല്‍ ഒരു സ്ത്രീ പിന്നെയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി ഇന്ന് ഉയരുന്നുണ്ട്. അങ്ങിനെ അല്ല എന്ന് പറഞ്ഞാലും, ഇന്ന് പലയിടങ്ങളിലും അങ്ങിനെയാണ്.”

“ഇത്തരം ആക്രമങ്ങളില്‍ പെടുന്ന ആളുകളുടെ ബാഹ്യ സൗന്ദര്യത്തിനുപ്പുറം ആ വ്യക്തിയെ കാണാന്‍ നാം ശ്രമിക്കണം. സൗന്ദര്യത്തെയല്ല അവരുടെ വ്യക്തിത്വത്തെയാണ് നാം സ്വീകരിക്കേണ്ടത്, ഉള്‍ക്കൊള്ളേണ്ടത്. പല്ലവി എന്ന കഥാപാത്രത്തിലൂടെ ഉദ്ദേശിക്കുന്നതും അതാണ്. ഒരാളുടെ സൗന്ദര്യവും കഴിവുമായി യാതൊരു ബന്ധവുമില്ല. അത്തരത്തില്‍ സൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി മാറാനും അതിനെ കുറിച്ച് സംസാരിച്ച് തുടങ്ങാനും ഉയരെ പ്രചോദനമാകുമെന്നാണ് കരുതുന്നത്.” മൂവി മാനുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിക്കുന്ന സിനിമയാണ് “ഉയരെ” എന്ന പ്രത്യേകത കൂടിയുണ്ട്. പാര്‍വതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 26 ന് തിയേറ്ററുകളിലെത്തും.