എനിക്ക് രാഷ്ട്രീയമുണ്ട്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് ഇഷ്ടപ്പെട്ട നേതാക്കന്‍മാരുമുണ്ട്: മായ മേനോന്‍

തന്റെ നിലപാടുകള്‍ മുഖം നോക്കാതെ തുറന്നു പറയുന്നതില്‍ മടിയില്ലാത്ത നടിയാണ് മായ മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മായ രംഗത്ത് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ടെന്നും അത് ഒരാളെയും വ്യക്തിപരമായി ആക്രമിക്കാന്‍ ഉപയോഗിക്കാറില്ലെന്നും മായ പറയുന്നു.

“സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ഞാന്‍. എന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആ മീഡിയം ഉപയോഗിക്കാറുണ്ട്. എനിക്ക് രാഷ്ട്രീയമുണ്ട്, എന്നാല്‍ കക്ഷിരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് ഇഷ്ടപ്പെട്ട നേതാക്കന്‍മാരുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വ്യക്തിപരമായി ഒരാളെ ആക്രമിക്കാന്‍ ഞാന്‍ ഉപയോഗിക്കാറില്ല. പൊതുവായ വിഷയങ്ങളില്‍ എന്റെ നിലപാട് ഞാന്‍ പറയാറുണ്ട്.”

“എന്റെ ചിന്തകളും, അഭിപ്രായങ്ങളും സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായിത്തീരുമോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. കാരണം മലയാള സിനിമയിലുള്ളവര്‍ ജാതി, മതം, രാഷ്ട്രീയം എന്നിവയ്ക്കതീതമായി ചിന്തിക്കുന്നവരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. അവരെ സംബന്ധിച്ച് എനിക്ക് ഒരു വേഷം തരുമ്പോള്‍, ഞാന്‍ അത് അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അതില്‍ കൂടുതലൊന്നും അവര്‍ക്കും ചിന്തിക്കേണ്ട കാര്യമില്ലല്ലോ.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ മായ പറഞ്ഞു.