'അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞു; സൗന്ദ്യര്യത്തിന്റെ പേരില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത്...'

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത് മലയാളത്തില്‍ നിന്നുമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മിന്നും പ്രകടനവുമായി അഭിനയ രംഗത്തു നിറഞ്ഞു നിന്ന കനിഹ വിവാഹ ശേഷമാണ് സിനിമയില്‍ ചെറിയ ഇടവേളയെടുത്തത്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് താരം. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വര്‍ക്കിംഗ് വീഡിയോസുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കനിഹ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നിസ്സാര കാര്യങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസമില്ലാതെ പതറുന്നവരെ പ്രത്യാശ നല്‍കി ഉത്തേജിപ്പിക്കുന്ന വാക്കുകളുമായാണ് കനിഹ വീഡിയോയില്‍ എത്തിയിരിക്കുന്നത്. ബാഹ്യമായ സൗന്ദര്യം ക്ഷണികമാണെന്നും മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും കനിഹ വീഡിയോയില്‍ പറയുന്നു. “കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു. കാരണം അന്നാണ് എനിക്ക് മുന്നില്‍ വില്ലനായി മുഖക്കുരു അവതരിച്ചത്. എന്റെ കവിളുകള്‍ക്ക് ഇരുവശത്തുമായി, മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞാന്‍ പതറിപ്പോയി. പ്രത്യേകിച്ചും ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞു.”

“ഞാന്‍ വല്ലാതെയങ്ങു തളര്‍ന്നു പോയി. സന്തോഷം ഒരുപാട് ദൂരെയാണെന്ന് ചിന്തിച്ചിരുന്ന നാളുകള്‍. എന്നാല്‍ ഞാന്‍ വളരെ പെട്ടെന്നു തന്നെ ആ മോശം അവസ്ഥയില്‍ നിന്ന് തിരികെയെത്തി. ഞാന്‍ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. അതോടെ എന്റെയുള്ളിലേക്ക് അനാവശ്യമായി മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നത് നിര്‍ത്തി. എനിക്കറിയാം ഇതുപോലെ നിരവധി പേര്‍ പുറത്തുണ്ട്. ശരീരവണ്ണം കൂടുതലാണ്, ചര്‍മ്മത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍. അവരോടൊന്നേ എനിക്ക് പറയാനുള്ളൂ, ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യം. ഇത് മനസ്സിലാക്കി മുന്നോട്ടു പോകുക. ചെറിയ കാര്യങ്ങളില്‍ പോലും ജീവിതം അവസാനിച്ചുവെന്ന് കരുതി സങ്കടപ്പെടാതിരിക്കുക. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കാന്‍ പഠിക്കുക.”- കനിഹ പറയുന്നു.

Read more