സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല; കമല്‍ഹാസന് വിജയസാദ്ധ്യതയില്ലെന്ന് നടി ഗൗതമി

നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ഹാസനെതിരെ നടി ഗൗതമി. തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയ സാദ്ധ്യതയില്ല എന്നാണ് ഗൗതമി പറഞ്ഞിരിക്കുന്നത്. വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്.

കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി തന്നെ വിജയിക്കുമെന്നാണ് ഗൗതമി പറയുന്നത്. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ മികച്ച വിജയം ഉണ്ടാവുകയുള്ളു. കോയമ്പത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചോദിക്കുമെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് കമല്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യത്തിന്റെ അറിയിപ്പുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കമല്‍ഹാസന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.