ഓഡിഷന് പോയി, മണിരത്‌നം സാര്‍ വിളിക്കുകയും ചെയ്തു.. എന്നാല്‍ ആ കഥാപാത്രം നിരസിക്കേണ്ടി വന്നു: അമല പോള്‍

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. സെപ്റ്റംബര്‍ 30ന് ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വേണ്ടെന്ന് വച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അമല പോള്‍ ഇപ്പോള്‍.

”മണിരത്നം സാര്‍ പൊന്നിയിന്‍ സെല്‍വനായി എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഏറെ ആവേശത്തിലായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ല്‍ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു.”

”ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാല്‍ അതില്‍ ഞാന്‍ ഖേദിക്കുന്നില്ല” എന്നാണ് അമല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് അതേ പേരില്‍ തന്നെ മണിരത്‌നംസിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒടിടി അവകാശം 125 കോടിക്ക് ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.

ഐശ്വര്യ റായ്, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി, ശരത്കുമാര്‍, റഹ്‌മാന്‍, ജയറാം, ബാബു ആന്റണി, ലാല്‍, പ്രകാശ് രാജ്, അശ്വിന്‍ കകുമനു, പ്രഭു, വിക്രം പ്രഭു പാര്‍ഥിപന്‍, റിയാസ് ഖാന്‍, ബാബു ആന്റണി, ജയറാം, മോഹന്‍ രാമന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.