'ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം'; കോവിഡ് പോസിറ്റീവായെന്ന് സൂര്യ

നടന്‍ സൂര്യയ്ക്ക് കോവിഡ്. താരം തന്നെയാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. കൂടാതെ ഒരു വെബ്‌സീരിസിലും താരം വേഷമിടുന്നുണ്ട്. ഇതിനിടെയാണ് കോവിഡ് ബാധിച്ച വിവരം താരം പങ്കുവെച്ചിരിക്കുന്നത്.

“”എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്‌നേഹവും നന്ദിയും”” എന്നാണ് സൂര്യയുടെ വാക്കുകള്‍.

സംവിധായകന്‍ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിക്കാനിരിക്കെയാണ് താരത്തിന് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടി വെച്ചു. സൂരറൈ പോട്ര് ആയിരുന്നു സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്.