'സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്കും ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു'; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോം വര്‍ക്കും ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു എന്ന് റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാര്‍ത്ത ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

“ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ സ്‌കെയില്‍ വെച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.” കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ് ട്വീറ്ററില്‍ കുറിച്ചു. നേരത്തെ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് റഫാല്‍ കരാറിന്റെ നിര്‍ണായക രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചത്. റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുന:പരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന സര്‍ക്കാര്‍ വെളുപ്പെടുത്തലിനെ പരിഹസിച്ച് ട്രോളന്മാരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളാണ് ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരിക്കുമാണ് ട്രോളന്മാര്‍ പരിഹസിക്കുന്നത്. എന്തിനും മുന്‍ കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയുമാണ് മോദി കുറ്റപ്പെടുത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളന്മാരുടെ പരിഹാസം.