അന്ന് എന്റെ ഇഷ്ടത്തോട് അമ്മ നോ പറഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു: പൃഥ്വിരാജ്

സിനിമയിലേക്കുള്ള തന്റെ കടന്നു വരവവിനെ കുറിച്ച് പറഞ്ഞ് നടന്‍ പൃഥ്വിരാജ്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു പൃഥ്വി. പ്ലസ് ടു പഠനം കഴിഞ്ഞ് കോളേജില്‍ പഠിക്കുമ്പോഴാണ് താന്‍ അഭിനയമാണ് തന്റെ വഴി തിരിച്ചറിഞ്ഞതെന്നും, അമ്മയോട് ആ ആഗ്രഹം പറഞ്ഞപ്പോള്‍ മറിച്ചൊന്നും പറയാതെ തന്റെ ഇഷ്ടത്തെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായതെന്നും പൃഥ്വി പറഞ്ഞു.

‘പ്ലസ് ടു പഠനത്തിനു ശേഷം ഏറെ പണം ചെലവഴിച്ചാണ് എന്റെ അമ്മ പഠനത്തിനായി എന്നെ വിദേശത്തേക്ക് അയച്ചത്. പക്ഷേ ബിരുദ പഠനം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ സിനിമയാണ് എന്റെ മേഖലയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സിനിമയിലേക്ക് വരണമെന്ന ആഗ്രഹം അമ്മയോട് പറഞ്ഞപ്പോള്‍ നിന്റെ ഇഷ്ടത്തിനൊപ്പം സഞ്ചരിക്കുകയെന്ന മറുപടിയാണ് കിട്ടിയത്. അന്ന് എന്റെ ഇഷ്ടത്തോട് അമ്മ മുഖംതിരിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.’

‘പൈതഗോറസ് തിയറവും, ലോഗരിതം പട്ടികയുമൊന്നും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള മാതാപിതാക്കളുടെ ചിന്തയില്‍ മാറ്റമുണ്ടാകണം. പുതിയ കാലം ഒത്തിരി അവസരങ്ങളാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നു വച്ചിരിക്കുന്നത്. എന്നാല്‍ ഈ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. കുട്ടികളുടെ ഇഷ്ടം മനസിലാക്കുന്ന മാതാപിതാക്കളുണ്ടാകട്ടെ.’ പൃഥ്വി പറഞ്ഞു.