‘1000 ബേബീസ്’ വെബ് സീരിസ് ട്രെന്‍ഡിങ് ആയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സീരിസില്‍ ‘ദേവന്‍ കുപ്ലേരി’ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തിയ നടന്‍ മനു ലാലിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നിര്‍മ്മാതാവില്‍ നിന്നും ദുരനുഭവം മനു ലാല്‍ നേരിട്ടിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
സ്വന്തം പരിശ്രമം കൊണ്ടാണ് ഇവിടം വരെ എത്തിയത്. അവസരത്തിനായി ഒരുപാട് സംവിധായകന്‍മാരുടെ അടുത്ത് ചെന്നിട്ടുണ്ട്. അവരെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഉളള പോലെ കൊവിഡ് സമയം എനിക്കും പ്രയാസം നിറഞ്ഞതായിരുന്നു. എന്റെ ജോലി സിനിമ ആയതുകൊണ്ട് ഞാന്‍ അപ്പോള്‍ ഒരുപാട് സഹിച്ചു. അവസരത്തിനായി മലയാളത്തിലെ പ്രമുഖനായ ഒരു നിര്‍മ്മാതാവിനെ ഇടയ്ക്ക് വിളിച്ചിരുന്നു.
ഒരുപാട് തവണ വിളിച്ചു. പക്ഷെ അദ്ദേഹം കോള്‍ എടുക്കുകയോ എന്നെ തിരികെ വിളിക്കുകയോ ചെയ്തിട്ടില്ല. ഒരു ദിവസം രാത്രി ഏഴ് മണിക്ക് എന്നെ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. കോള്‍ കണ്ട് ഞാന്‍ അതിശയിച്ചു പോയി. കൊവിഡ് ആണ് ഇനി സിനിമയൊന്നും ഉണ്ടാകില്ല. എനിക്ക് വേണമെങ്കില്‍ സീരിയലില്‍ അഭിനയിക്കാന്‍ വഴിയൊരുക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് തീരുമാനിക്കാന്‍ പറഞ്ഞു.
സീരിയല്‍ മോശമാണെന്ന് പറയുന്നില്ല. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും സിനിമയാണ് ലക്ഷ്യമെന്നും ഞാന്‍ മറുപടി പറഞ്ഞു. ഇനി സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മാറി എല്ലാം ശരിയായി. അദ്ദേഹം പുതിയ സിനിമകള്‍ ചെയ്തു. എന്നെ വിളിച്ചില്ല. ഇപ്പോഴും എന്റെ ഫോണ്‍ ടുക്കാറില്ല. മറ്റൊരു പ്രമുഖ സംവിധായകനെയും ഞാന്‍ വിളിച്ചിരുന്നു.
നിന്നോടല്ലേ പട്ടി എന്നെ വിളിക്കരുത് പറഞ്ഞത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കോള്‍ അയാള്‍ കട്ട് ചെയ്തിട്ട് നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നെ പോലുളള നടന്‍മാരോട് കുറച്ചെങ്കിലും കരുണ കാണിക്കാം, മലയാള സിനിമയില്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നെ ഓര്‍ക്കാതിരിക്കാന്‍ മലയാള സിനിമയ്ക്ക് യാതൊരു മോശം പേരും ഞാന്‍ ഉണ്ടാക്കിവച്ചിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന അഭിനേതാവാണ് ഞാന്‍ എന്നാണ് മനു ലാല്‍ പറയുന്നത്.