പണം സമ്പാദിക്കാന്‍ മാത്രമല്ല സിനിമ ചെയ്യുന്നത്, തിയേറ്ററിലിരുന്ന് ആളുകള്‍ കാണണം: ലാല്‍

മകന്‍ ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന “സുനാമി” ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് നടന്‍ ലാല്‍ ഇപ്പോള്‍. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. തിയേറ്ററില്‍ തന്നെ സുനാമി റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് ലാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.

“”ഒരു സിനിമ ചെയ്യുമ്പോള്‍ പണം സമ്പാദിക്കുക മാത്രമല്ല, മറ്റൊരുപാട് സ്വപ്‌നങ്ങളുണ്ട്. ഇതൊരു കോമഡി സിനിമയാണ്. തിയേറ്ററിലിരുന്ന് ആളുകള്‍ ചിരിച്ചും കൈയടിച്ചും ഈ സിനിമ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റാംജി റാവു സ്പീക്കിംഗ് തിയേറ്ററുകളില്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് വേണ്ടത്.””

“”ഒരു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ സിനിമ ഒതുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പു വരെ എല്ലാവരും വീട്ടില്‍ ഒതുങ്ങിക്കൂടുമെന്നോ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുമെന്നോ ആരും കരുതിയിരുന്നില്ല. ആളുകള്‍ തിയേറ്ററുകളിലേക്ക് തിരികെ വരുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്”” എന്നും ലാല്‍ പറഞ്ഞു.

“നിഷ്‌കളങ്കമായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി” എന്നാണ് സുനാമിയുടെ ടാഗ് ലൈന്‍. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാലിന്റെ മരുമകന്‍ കൂടിയാണ് അലന്‍. 2016-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കിംഗ് ലയറാണ് ലാല്‍ തിരക്കഥയെഴുതി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിദ്ദിഖിനൊപ്പമായിരുന്നു തിരക്കഥ.