എനിക്കിപ്പോള്‍ നിരന്തരമായി ഞെട്ടല്‍ തന്നെയാണ്, ഞാന്‍ തുടങ്ങിയിട്ടേയുള്ളു: ഇന്ദ്രന്‍സ്

മലയാള സിനിമയെ ലോക സിനിമയുടെ താളുകളില്‍ വീണ്ടും വരച്ചിട്ട ഡോ. ബിജുവും ഇന്ദ്രന്‍സിനും മലയാളക്കര ആവേശ്വോജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇരുവരെയും കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പൂച്ചെണ്ട് നല്‍കിയും പൊന്നാട അണിയിച്ചുമാണ് സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും വരവേറ്റത്. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കി രാജ്യത്തിന്റെ തന്നെ അഭിമാനമായി നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ് പറയുന്നു “ഞാന്‍ തുടങ്ങിയിട്ടേയുള്ളു”.

“എനിക്കിപ്പോള്‍ നിരന്തരമായി ഞെട്ടല്‍ തന്നെയാണ്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ, ഇതുവരെ അഭിനയിച്ചതെല്ലാം റിഹേഴ്‌സല്‍ മാത്രം. പ്രേക്ഷകരാണ് ശരിക്കും സിനിമാക്കാര്‍. അവരാണ് സിനിമയെ ഏറ്റവുമധികം സ്‌നേഹിക്കുന്നത്. സിനിമയില്‍ ഞാന്‍ സെലക്ടീവല്ല. ഏത് കഥാപാത്രവും ചെയ്യും. എങ്ങനെയോ വന്ന് പെട്ടതാണ് സിനിമയില്‍. നല്ല സിനിമകളുടെ ഭാഗമാകണം.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

Read more

ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ സിനിമ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോതുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.