ബിലാല്‍ തുടങ്ങാന്‍ പോകുന്നു, അതിന്റെ ഭാഗമായി ബോഡി ബില്‍ഡിംഗിലാണ് ഞാന്‍: ബാല

മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ വീണ്ടുമെത്തുമെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും അതിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബാല. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷം ചെയ്തത് ബാലയായിരുന്നു.

“ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിംഗ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നു കൊണ്ടിരിക്കുന്നു.” ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞു.

2007-ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇത്തവണയും വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Read more