മെലിയാനുള്ള ഒരു ഉദ്ദേശവുമില്ല, 1982 മുതല്‍ ജിമ്മില്‍ പോകാറുണ്ട്: ബാബുരാജ് പറയുന്നു

ഒമര്‍ലുലു ചിത്രം പവര്‍ സ്റ്റാറിനായി ജിമ്മില്‍ തയാറെടുപ്പുകള്‍ നടത്തുകയാണ് നടന്‍ ബാബുരാജ്. ജിമ്മിലെ താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മെലിയാനുള്ള ഉദ്ദേശമല്ല തനിക്ക് ആരോഗ്യത്തോടെ തുടരുകയാണ് ലക്ഷ്യം എന്നാണ് ബാബുരാജ് പറയുന്നത്.

“”എനിക്ക് ഒരു ജിമ്മുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവിടെയാണ് ഒരുപാട് സമയം ചിലവഴിച്ചത്. മാര്‍ച്ച് മുതല്‍ സിനിമയും തിയേറ്ററുകളും അനിശ്ചിതത്തിലാണ്. അതോടെ ഞാന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡി കഥാപാത്രങ്ങളിലേക്ക് മാറിയ ആളാണ് ഞാന്‍. അതിനാല്‍, ശരീരഘടനയെ പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു”” എന്ന് ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“”സിനിമയില്‍ തുടരണമെങ്കില്‍ ആരോഗ്യത്തോടെയിരിക്കുക ആവശ്യമാണ്. 1982 മുതല്‍ ഞാന്‍ ജിമ്മില്‍ പോവാന്‍ തുടങ്ങിയതാണ്. യൂണിവേഴ്‌സിറ്റി ലെവലില്‍ ബോഡി ബില്‍ഡിങ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. അത് മാത്രമല്ല “പവര്‍ മാന്‍ ഓഫ് കേരള” ആയി തിരഞ്ഞെടുത്തിട്ടുമുണ്ട്. അക്കാലത്ത് ജിമ്മില്‍ പോകുമ്പോള്‍ ആളുകള്‍ കളിയാക്കുമായിരുന്നു എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവരാണ്.””

“”സമീപ വര്‍ഷങ്ങളില്‍ സിനിമകളുടെ തിരക്കിലായിരുന്നു, ഫിറ്റനസിന് മുന്‍ഗണന കൊടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെയും സുഹൃത്തുക്കളുടെയും ജിമ്മില്‍ വര്‍ക്കൗട്ടിലായിരുന്നു. മെലിയാനായുള്ള ഒരു ഉദ്ദേശവും എനിക്കില്ല. ആരോഗ്യത്തോടെ തുടരുക മാത്രമാണ് ലക്ഷ്യം. അഞ്ച് കിലോ ഭാരം എനിക്ക് കുറയ്ക്കാനായി”” എന്നും ബാബുരാജ് വ്യക്തമാക്കി.

Read more