'യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിന് ഒപ്പം'; പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു

നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. ട്വിറ്ററിലൂടെയാണ് ജോജുവിന് പിന്തുണ അറിയിച്ച് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. ”യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം” എന്ന ക്യാപ്ഷനോടെ ജോജുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെയാണ് ജോജു ജോര്‍ജ് രംഗത്തെത്തിയത്. ഇതോടെ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്തു. സംഭവം വിവാദമാവുകയും കോണ്‍ഗ്രസിന്റെ സമര രീതി ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാന്‍ ഡിസിസി ആവശ്യപ്പെടുകയായിരുന്നു.

ടോണിക്കു പുറമേ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരും മരട് സ്റ്റേഷനില്‍ ഹാജരായിരുന്നു. അതേസമയം, ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.

എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിംഗുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയും ശ്രീനിവാസന്‍ ചിത്രം കീടത്തിന്റെയും ഷൂട്ടിംഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.