'ഒരു മുതലാളി സംഘടനയുടെ ഫത്വ'; ഫിയോകിന്റെ തീരുമാനത്തിന് എതിരെ ആഷിഖ്

ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി മേലില്‍ സഹകരിക്കേണ്ടെന്ന തിയേറ്ററുടമകളുടെ സംഘടന “ഫിയോകി”ന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു.  ഫിയോക് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ആഷിക് അബുവിന്‍റെ വിമര്‍ശനം.

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്ക് പണി കിട്ടും. സിനിമ തിയേറ്റർ കാണില്ല. ജാഗ്രതൈ!”, ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആന്‍റോ ജോസഫ് നിര്‍മ്മിച്ച “കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്” എന്ന ചിത്രത്തിന് ഇളവനുവദിച്ചു കൊണ്ടുള്ളതാണ് പുതിയ തീരുമാനം. പ്രസ്തുത ചിത്രം തിയേറ്റര്‍ റിലീസിനു മുമ്പ് പൈറസി നേരിട്ടതിനാല്‍ റിലീസ് ഇനിയും നീണ്ടുപോകുന്ന പക്ഷം അദ്ദേഹത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിക്കുന്നു.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. മാര്‍ച്ച് 12-ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് കാരണം  നീളുകയായിരുന്നു.