ലാലേട്ടനൊപ്പമുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാന്‍, അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്: ആഷിഖ് അബു

മോഹന്‍ലാല്‍ ആഷിഖ് അബുവിന്റെ ചിത്രത്തില്‍ നായകനാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബുവിന്റെ ചിത്രം ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച നടന്നിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്. തന്റെ ഭാവി പ്രോജക്റ്റുകളെ കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചും മറുപടി നല്‍കിയിരിക്കുകയാണ് ആഷിഖ് അബു.

”ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം” എന്ന് ആഷിഖ് അബു മാതൃഭൂമി വാരാന്തപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ടൊവിനോ തോമസ് നായകനാകുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്റെതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രം. അതേസമയം, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്റെ ആലോചനയിലുണ്ട്.

അതിനും കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് സംവിധായകന്‍ പറയുന്നു. ശ്യാം പുഷ്‌കരന്റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രവും ആഷിഖ് അബുവിന്റെ ആലോചനയിലുണ്ട്. ഷാരൂഖിനെ കണ്ടതായും സിനിമയുടെ ആശയം പറഞ്ഞതായും സംവിധായകന്‍ വ്യക്തമാക്കി.