'ഞാനൊരു നല്ല സംവിധായകനാണെന്ന ബോധ്യം വരുന്ന നിമിഷം അഭിനയം നിര്‍ത്തും'; ആമിര്‍ ഖാന്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ തന്‍റെ 54-ാം ജന്‍മദിനം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ആരാധകരെ സന്തോഷിക്കുകയും ചെയ്തു താരം. ടോം ഹാങ്ക്‌സ് നായകനായി 1994 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് താരത്തിന്റെ പുതിയ ചിത്രം. നല്ല നടനെന്നതിനൊപ്പം നല്ല സംവിധായകനാണ് താനെന്നും തെളിയിച്ചിട്ടുണ്ട് ആമിര്‍. അതിനാല്‍ തന്നെ ഒരു നാള്‍ താന്‍ അഭിനയം നിര്‍ത്തുമെന്ന് ആമിര്‍ പറയുന്നു.

“സംവിധാനം ഇഷ്ടമായതിനാലാണ് ഞാന്‍ ധൈര്യ പൂര്‍വ്വം “താരേ സെമീന്‍ പര്‍” ചെയ്തത്. സംവിധാനത്തോടും അഭിനയത്തോടും എനിക്ക് പ്രണയമാണ്. അവ രണ്ടില്‍നിന്നും എനിക്ക് അകന്നു നില്‍ക്കാനാവില്ല. അഭിനേതാവായാണ് ഞാനെന്റെ കരിയര്‍ തുടങ്ങിയത്. അതിനാല്‍ ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ. ഞാനൊരു നല്ല സംവിധായകനാണെന്ന ബോധ്യം വരുന്ന ആ നിമിഷം അഭിനയം നിര്‍ത്തും. ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, അതിനാലാണ് ഇപ്പോള്‍ സംവിധാന മോഹം തല്‍ക്കാലം മാറ്റി വച്ചിരിക്കുന്നത്,” ആമിര്‍ പറഞ്ഞു.

Read more

ഹോളിവുഡിനോട് ആകര്‍ഷണം തോന്നിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ ആമിര്‍ നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഹോളിവുഡ് എന്നല്ല ലോകത്തിലെ ഏതു ഭാഗത്തെ സിനിമയിലും അഭിനയിക്കുമെന്നും പറഞ്ഞു. ജപ്പാനില്‍നിന്നോ ആഫ്രിക്കയില്‍നിന്നോ ഉളള സിനിമാ പ്രവര്‍ത്തകര്‍ അവസരം നീട്ടിയാല്‍, എനിക്ക് ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും ആമിര്‍ വ്യക്തമാക്കി.