'മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ്'; താരതമ്യങ്ങളിൽ പ്രതികരിച്ച് ഗ്രേസ് ആന്റണി

വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. കോമഡി കഥാപാത്രങ്ങളിലെത്തുന്ന ഗ്രേസിന്റെ അഭിനയത്തെ ഉർവശിയുമായി പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാൽ അതിനെതിരെ പ്രതികരിച്ച് ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യങ്ങളെ കുറിച്ച് അവ‍ർ പറഞ്ഞത്.

മിനി ഉർവശി, ഉർവശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങൾ വേണ്ടെന്നും അത് തനിക്ക് താങ്ങാൻ പറ്റുന്നതല്ലെന്നും ഗ്രേസ് പറഞ്ഞു. അഭിനയത്തിൽ താൻ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായി ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവർ പറഞ്ഞു.

നമ്മുടെ അമ്മമാരെല്ലാവരും നമ്മളെ അയൽവീടുകളിലെ കുട്ടികളുമായും കസിൻസുമായും താരതമ്യം ചെയ്യുന്നത് ഭീകരമാണ്. തന്റെ ചെറുപ്പത്തിൽ അമ്മയ്ക്ക് ഈ താരതമ്യം ചെയ്യൽ ഭയങ്കര കൂടുതലായിരുന്നു. അടുത്ത വീട്ടിലെ കുട്ടി അതു ചെയ്യുന്നു, ഇത് ചെയ്യുന്നു, പഠിക്കുന്നു, അടുക്കളയിൽ ജോലി ചെയ്യുന്നു എന്നൊക്കെ പറയുമായിരുന്നു. തനിക്ക് അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അന്ന് നമ്മൾ അതിനെ കരുതിയത് ഉപദേശം എന്ന രീതിയിലാണ്. ഇപ്പോഴാണ് മനസ്സിലായത് അത് താരതമ്യം ആയിരുന്നുവെന്ന്. നമ്മൾ വലുതാകും തോറും അതിന്റെ ഭീകരത കൂടുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുമായി താരതമ്യം ചെയ്ത ഒരു സമയത്ത്  അമ്മയ്ക്ക് വേണെങ്കിൽ അവരെ വീട്ടിൽ വരുത്തി മക്കളായി കാണ്ടോളു, തന്നെ കൊണ്ട് പറ്റുന്നതേ തനിക്ക് ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞു. അതിൽ പിന്നെ അമ്മ അങ്ങനെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് നിർത്തി.

പക്ഷേ നമ്മൾ ഒരു ആക്ടഴ്റായി വരുമ്പോൾ ആളുകൾക്ക് നമ്മളോടുള്ള ഇഷ്ടം കൊണ്ടായിരിക്കും അവർ അങ്ങനെ മറ്റ് ആക്ടർസുമായി നമ്മളെ താരതമ്യം ചെയ്യുന്നത്. വ്യക്തിപരമായി അത്തരം താരതമ്യം ചെയ്യൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാൻ. അങ്ങനെ എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നവരോട് ഇങ്ങനെയാണ് താൻ മറുപടി പറയാറുള്ളതെന്നും ഗ്രേസ് പറഞ്ഞു.