'ജയറാമിന്റെ ഡെഡിക്കേഷൻ കണ്ട് പഠിക്കേണ്ടതാണ്, കഥാപാത്രമാകാനായി അദ്ദേഹം അത്ര കഷ്ടപ്പെട്ടിട്ടുണ്ട്'; കാർത്തി

ജയറാമിന്റെ ഡെഡിക്കേഷൻ കണ്ട് പഠിക്കേണ്ടതാണെന്ന് നടൻ കാർത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന പൊന്നിയിൻ സെൽവന്റെ കേരള ലോഞ്ചിലാണ് കാർത്തി ജയറാമിനെ കുറിച്ച് മനസ് തുറന്നത്. ജയറാം സാറിന്റെയൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ഒരു പാഠം തന്നെയാണ് എന്നും കാർത്തി പറഞ്ഞു. സിനിമയിൽ ഞങ്ങൾ ഒരുമിച്ചാണ്. ഒരുമിച്ച് യാത്ര ചെയ്യുന്ന സീൻ ഒക്കെയുണ്ട്. അദ്ദേഹവുമായുള്ള ഇന്ററാക്ഷൻ മികച്ചതായിരുന്നു. ജയറാം സാർ കഥാപാത്രത്തിന് വേണ്ടി തയാറാകുന്നത് തന്നെ ഞങ്ങൾക്ക് പ്രചോ​ദനമുണ്ടാക്കുന്നതായിരുന്നു.

കഥാപാത്രത്തിനായി എല്ലാ ദിവസവും അദ്ദേഹത്തിന് തല മുണ്ഡനം ചെയ്യണം. മാത്രമല്ല, നോവലിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു കുള്ളനാണ്. അതുകോണ്ടുതന്നെ കാല് മടക്കിവച്ചാണ് നിൽക്കേണ്ടത്. ഒപ്പം കാൽ അങ്ങനെതന്നെ വെച്ച് ഓടുകയും കുതിര സവാരി ചെയ്യുകയും വേണം. അതെല്ലാം നന്നായി ചെയ്തുവെന്നും കാർത്തി പറഞ്ഞു

അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്തു. ജയറാമിൻ്റെ ആ ഡെഡിക്കേഷൻ തനിക്കും ജയം രവിയ്ക്കുമൊക്കെ ഒരു പാഠമായിരുന്നുവെന്നും കാർത്തി കൂട്ടിച്ചേർത്തു.