'ഇന്ന് ആലോച്ചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത്'; മഞ്ജു വാര്യർ

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജു തനിക്ക് നേരിട്ട ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ സംസാരിക്കവേയാണ് തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ചും ഷൂട്ടിങ്ങ് അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ചെന്നൈയിൽ പോയി തിരിച്ചു വരുന്നതിനിടെ 17 മണിക്കൂർ ബൊമ്മിഡി എന്ന സ്ഥലത്ത് അകപ്പെട്ട സംഭവമാണ് മഞ്ജു വാര്യർ പറഞ്ഞത്.

ഇപ്പോൾ ആലോച്ചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത് എന്ന് പറഞ്ഞാണ് മഞ്ജു അനുഭവം പങ്കുവച്ചത്. ‘അന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചെന്നൈയിലായിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗിന് ശേഷം താൻ ട്രെയിനിൽ വരികയായിരുന്നു. രാത്രി ട്രെയിൻ കയറിയാൽ രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ നാട്ടിലെത്തും..ഇതാണ് കണക്ക്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ട്രെയിനിൽ കൊച്ചിൻ ഹനീഫയും ഉണ്ടായിരുന്നു.

എന്നാൽ ഉറങ്ങി എഴുന്നേറ്റ താൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്.”ഒരു വരണ്ട പ്രദേശം. ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല. എന്താണ് പറ്റിയതെന്ന് യാത്രക്കാരെല്ലാം പരസ്പരം ചോദിച്ചു. അങ്ങനെ ബൊമ്മിഡിയിലാണ് എത്തിയതെന്ന് മനസിലാക്കി. ട്രെയിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ചില ഗ്രാമവാസികൾ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകി. അൽപ സമയം കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷേ ട്രെയിനെടുത്തില്ല. ഒടുവിൽ രാത്രിയായിട്ടും ട്രെയിൻ പോകുന്നില്ല. അങ്ങനെ കംപാർട്ട്‌മെന്റിലെ എല്ലാവരും തമ്മിൽ പരിചയമായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചതെല്ലാം ഓർമയുണ്ട്,’ മഞ്ജു പറഞ്ഞു. സമാന രീതിയിൽ ഹിമാചൽ പ്രദേശിൽ വച്ചും മഞ്ജു ഇതുപോലെ അകപ്പെട്ടിട്ടുണ്ട്.

അത് അന്ന് വാർത്തയായിരുന്നു. കനത്ത മഞ്ഞ് വീഴ്ച മൂലമാണ് മഞ്ജു ഉൾപ്പെടെയുള്ള അംഗങ്ങൾ ഹിമാലയത്തിൽ അകപ്പെട്ടത്. ഏഴ് മണിക്കൂറെടുത്താണ് സംഘം മലകയറി ചിത്രീകരണം നടത്തിയത്. പക്ഷേ തിരിച്ചിറങ്ങിയപ്പോൾ 14 മണിക്കൂർ എടുത്തെന്നും മഞ്ജു പറഞ്ഞു.