ചുംബനരംഗം റിഹേഴ്സ് ചെയ്യണമെന്ന് സംവിധായകന്‍, സുഹൃത്ബന്ധത്തിന് അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു: സറീന്‍ ഖാന്‍

സിനിമാ മേഖലയിലെ മോശം അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. സിനിമയില്‍ തുടക്കക്കാരി ആയിരുന്ന വേളയില്‍ സംവിധായന്‍ ചുംബനത്തിന്റെ റിഹേഴ്സല്‍ ആവശ്യപ്പെട്ടു എന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സറീന്‍ ഖാന്റെ തുറന്നു പറച്ചില്‍.

“ഒരിക്കല്‍ ഒരു സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു.” സറീന്‍ ഖാന്‍ പറഞ്ഞു.

മറ്റൊരിക്കല്‍ സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ബന്ധത്തിന് അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നും താരം വെളിപ്പെടുത്തി. അതിലൂടെ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.