'അല്ലു അര്‍ജുന്‍ എനിക്കൊപ്പം അഭിനയിക്കേണ്ടി വരും'; ചര്‍ച്ചയായി അക്ഷയ് കുമാറിന്റെ വാക്കുകള്‍

ബോളിവുഡ് താരം അക്ഷയ് കുമാറും തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനും ഒന്നിക്കുന്നുവോ? അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കമന്റ് സിനിമാ ലോകത്ത് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അടുത്തകാലത്തായി ബോളിവുഡിന്‍മേല്‍ തെന്നിന്ത്യന്‍ സിനിമകള്‍ നടത്തുന്ന ആധിപത്യത്തെ കുറിച്ച് പ്രതികരിക്കവേയാണ് അല്ലു അര്‍ജുന്‍ തനിക്കൊപ്പം അഭിനയിക്കുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞത്.

‘ദയവായി രാജ്യത്ത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് നിര്‍ത്തുക. തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ല. ഒരു വ്യവസായമെന്ന നിലയില്‍ നാമെല്ലാവരും ഒന്നാണ്.’

‘സിനിമകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കേണ്ടി വരും. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും ഞാനും അഭിനയിക്കേണ്ടതായി വരും’ അക്ഷയ് കുമാര്‍ പറഞ്ഞു.

പരസ്പരമുള്ള ഒരു താരമത്യപ്പെടുത്തലാണ് അക്ഷയ് കുമാര്‍ ഉദ്ദേശിച്ചതെങ്കിലും ആരാധകര്‍ ഇരുവരും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലു അര്‍ജുന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജാണ് റിലീസിന് ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 300 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ സംവിധാനം. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സാമ്രാജ് പൃഥ്വിരാജ് ചൌഹാന്റെ ചരിത്ര പ്രണയ കഥയാണ് സിനിമ പറയുന്നത്.