എന്തുകൊണ്ട് 'പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍'? ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നു...

ഈയടുത്ത കുറച്ച് ദിവസങ്ങളിലായി കടുത്ത രീതിയിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഷാരൂഖ് ഖാന് നേരെ ഉയര്‍ന്നത്. ‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ എന്ന ഗാനം എത്തിയതോടെയാണ് താരത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’ (Proud of Shah Rukh Khan) എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.

വിദ്വേഷ പ്രചാരണങ്ങള്‍ക്കിടെയും ഷാരൂഖ് ഖാന്റെ പുണ്യ പ്രവര്‍ത്തിയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ പുതുവര്‍ഷ രാവില്‍ വണ്ടിക്കടിയില്‍ പെട്ട് ക്രൂരമായി മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായവുമായി ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’ ട്രെന്‍ഡിംഗ് ആയി മാറിയത്. കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ ജീവകാരുണ്യ സംഘടനയായ മീര്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ അപകടത്തില്‍ മരിച്ച അഞ്ജലി സിംഗിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ അഞ്ജലി സിംഗിന്റെ കുടുംബത്തിന് വലിയൊരു തുകയാണ് സഹായം നല്‍കിയിരിക്കുന്നത്. ”ഡല്‍ഹിയിലെ കാഞ്ജവാലയില്‍ നടന്ന ക്രൂരമായ അപകടത്തിലാണ് അഞ്ജലി എന്ന 20കാരിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. മീര്‍ ഫൗണ്ടേഷന്റെ സഹായം അഞ്ജലിയുടെ സഹോദരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതോടൊപ്പം അമ്മയുടെ ചികിത്സയ്ക്കും ഉപയോഗിക്കും” എന്നാണ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Read more

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 20കാരിയായ യുവതിയെ കാര്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു. അഞ്ജലിക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നിധിന്‍ നിസാര പരിക്കുകളോടെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍, അശുതോഷ്, അങ്കുഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.