പൊതുവേദിയില്‍ റഹ്‌മാനെ പരിഹസിച്ച് സല്‍മാന്‍; പിന്നാലെ മാസ് മറുപടിയും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ഇതോടെ പല പുരസ്‌കാര വേദികളിലും താരപുത്രന്‍മാരുടെയും താരപുത്രിമാരുടെയും പരിഹാസങ്ങള്‍ക്ക് ഇരയായവരുടെ വീഡിയോകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

നടന്‍ സല്‍മാന്‍ ഖാന്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ പരിഹസിക്കുകയും സല്‍മാന് റഹമാന്‍ കൈ കൊടുക്കാന്‍ മടിക്കുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2014-ല്‍ നടന്ന ഒരു സംഭവമാണിത്.

വേദിയില്‍ വെച്ച് സല്‍മാന്‍, റഹ്‌മാനെ നിര്‍ത്തി “”നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം റഹ്‌മാന്‍ ആവറേജ് ആണെന്ന്”” എന്ന് പറയുകയായിരുന്നു. ഇത് പറഞ്ഞതിന് ശേഷം സല്‍മാന്‍ റഹ്‌മാനെ നോക്കി താന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നു. റഹ്‌മാന്‍ തലയാട്ടുന്നു. പിന്നാലെ സല്‍മാന്‍ റഹ്‌മാന്‍റെ കൈ പിടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റില്‍ നിന്ന് കൈയെടുക്കാതെ, കൈ കൊടുക്കാതെ നില്‍ക്കുകയാണ്.

റഹ്‌മാനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. പിന്നാലെ ഒരു മാധ്യമ പ്രവര്‍ത്തകര്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ “”ആദ്യം സല്‍മാന്‍ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യട്ടെ… “” എന്നായിരുന്നു റഹ്‌മാന്‍റെ മറുപടി.