ഞാന്‍ വിചാരിച്ചത്ര മോശമായില്ല; മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രവുമായി വിദ്യ ബാലന്‍

മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടി വിദ്യ ബാലന്‍. വിദ്യയുടെ ആദ്യ മലയാള ചിത്രം ചക്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് വിചാരിച്ചത്ര മോശമായില്ല എന്ന് കുറിച്ചു കൊണ്ട് വിദ്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

“”2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു … ചിത്രം ഞാന്‍ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല”” എന്നാണ് വിദ്യാ ബാലന്‍ കുറിച്ചിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്നു ചക്രം പാതിവഴിയില്‍ മുടങ്ങിയിരുന്നു. പിന്നീട് തന്നെ രാശിയില്ലാത്തവളായി മുദ്ര കുത്തിയെന്നും വിദ്യ വെളിപ്പെടുത്തിയിരുന്നു.

ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം നിര്‍ത്തി വെയ്ക്കുകയായിരുന്നു. ഇതോടെ തനിക്ക് ലഭിച്ച എട്ടോളം സിനിമകളില്‍ നിന്നും തന്നെ മാറ്റി. തുടര്‍ന്ന് രാശിയില്ലാത്തവളായി മുദ്ര കുത്തപ്പെട്ടു എന്നും വിദ്യ ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയിരുന്നു.

പിന്നീടാണ് വിദ്യ ബോളിവുഡിലേക്ക് എത്തിയത്. പരിണീത ആണ് ആദ്യ ബോളിവുഡ് ചിത്രം. ബംഗാളി, തമിഴ് ചിത്രങ്ങളിലും വിദ്യ വേഷമിട്ടിട്ടുണ്ട്. ശകുന്തളദേവി ആണ് ഒടുവില്‍ വേഷമിട്ട ചിത്രം.