വിദ്യ ബാലന്‍ മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചു; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു

മധ്യപ്രദേശ് മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചതിനെ തുടര്‍ന്ന് നടി വിദ്യ ബാലന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. “ഷേര്‍ണി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് വിദ്യ മധ്യപ്രദേശില്‍ എത്തിയത്. ഇതിനിടെയാണ് മധ്യപ്രദേശ് പ്രവാസികാര്യ മന്ത്രി വിജയ് ഷാ വിദ്യയെ അത്താഴ വിരുന്നിന് ക്ഷണിച്ചത്.

എന്നാല്‍ വിദ്യ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വനമേഖലയില്‍ ചിത്രീകരണത്തിനായി എത്തിയ പ്രൊഡക്ഷന്‍ സംഘത്തെ വനം വകുപ്പ് തടയുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് അറിയിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി എന്നാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ ആരോപണം മന്ത്രി നിഷേധിച്ചു. താന്‍ തന്നെയാണ് വിരുന്നില്‍ നിന്നും പിന്മാറിയത്, വിദ്യയല്ല എന്നാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തെ കുറിച്ച് വിദ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെയും ഷേര്‍ണിയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ചിത്രത്തിലെ താരം വിജയ് രാസ് സ്ത്രീയെ ഉപദ്രവിച്ചുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് ഷൂട്ടിംഗ് തടസ്സപ്പെട്ടത്. നടന്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജയ് പിന്നീട് ഷൂട്ടിംഗിന് എത്തിയിട്ടില്ല.