ഞാന്‍ എന്നെത്തന്നെ പാവങ്ങളുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്: ടൈഗര്‍ ഷെറോഫ്

Advertisement

പുനീത് മല്‍ഹോത്ര സംവിധാനം ചെയ്ത് ടൈഗര്‍ ഷെറോഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’. ഈ മാസം 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ചിത്രത്തിലെ ടൈഗര്‍ ഷെറോഫിന്റെ ഡാന്‍സ് ചുവടുകളെ ഹൃത്വിക് റോഷന്റെ പ്രകടനത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്. താനും ഹൃത്വികിന്റെ ആരാധകരില്‍ ഒരാളാണെന്നാണ് ടൈഗര്‍ പറയുന്നത്. അടുത്ത ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലുമാണ് അദ്ദേഹം.

‘എനിക്ക് നല്ല പേടിയുണ്ട്. എന്റെ അടുത്ത സിനിമയാണ് എന്റെ ഏറ്റവും വലിയ ചലഞ്ച്. ഞാന്‍ എന്റെ ഹീറോയെ മുഖാമുഖം കാണുകയാണ്. ഞാന്‍ എന്നെത്തന്നെ പാവപ്പെട്ടവരുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്. അവിടെതന്നെ ഒരു താരതമ്യം ഉണ്ട്. അദ്ദേഹത്തിനൊപ്പം ഒരേ ഫ്രെയിമില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്.’ ഒരഭിമുഖത്തില്‍ ടൈഗര്‍ പറഞ്ഞു.

ചിത്രത്തില്‍ താനും ഹൃത്വിക്കും ഒരുമിച്ചുള്ള ഡാന്‍സ് രംഗങ്ങളുണ്ടെന്നും അതിന്റെ ചിത്രീകരണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ടൈഗര്‍ പറഞ്ഞു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്.