സണ്ണി ലിയോണ്‍ എത്തിയാല്‍ കൂട്ട ആത്മഹത്യയെന്ന് ഭീഷണി; പുതുവര്‍ഷ പരിപാടിക്ക് അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവല്‍സരദിന പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പരിപാടിയാണ് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ റദ്ദാക്കിയത്. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

സണ്ണി ലിയോണ്‍ പരിപാടിക്ക് എത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തു വന്നത്.

ബംഗളൂരു നഗരത്തിന്റെ സംസ്‌ക്കാരത്തിന് സണ്ണി ലിയോണിന്റെ വരവ് കോട്ടം തട്ടുമെന്നാണ് സംഘടന പറയുന്നത്. സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും സംഘടമയുടെ പ്രസിഡന്റ് ഹരീഷ് പറഞ്ഞു. സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.