'ഇത് വലിയ കാര്യമല്ല, കരുണയും പിന്തുണയും നല്‍കിയാല്‍ തരണം ചെയ്യാം'; തെരുവിലെ ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി സണ്ണി ലിയോണ്‍

കോവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സണ്ണി ലിയോണ്‍. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണി ഭക്ഷണപ്പൊതികളുമായി എത്തിയിരിക്കുന്നത്. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍.

സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു തന്നെ ഭക്ഷണം നല്‍കി. കോവിഡ് കാലം തുടങ്ങിയത് മുതല്‍ തന്നെ സണ്ണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. “”ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും”” എന്ന് സണ്ണി പറയുന്നു.

മുംബൈയിലെ എര്‍ത്ത് കഫെയിലാണ് സണ്ണിയും കൂട്ടരും ഭക്ഷണം ഉണ്ടാക്കിയത്. മില്യണ്‍ ഡോളര്‍ വീഗന്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് ഭക്ഷണവിതരണം നടത്തിയത്. അതേസമയം, മലയാളത്തില്‍ ഷീറോ എന്ന ചിത്രത്തിലാണ് സണ്ണി ഇനി അഭിനയിക്കുന്നത്.