ശ്രീദേവിയുടെ മരണം കൊലപാതകമാകാനാണ് സാധ്യത; വെളിപ്പെടുത്തലുമായി ഋഷിരാജ് സിംഗ്

ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. ദുബായില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടിയുടെ ആകസ്മികമായ ഈ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും പുറത്തുവന്നു. കൊലപാതകമാണെന്ന വാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അന്ന് പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ, വീണ്ടും ഈ ദുരൂഹമായ മരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍.

പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആകാംക്ഷ മൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നു.