'കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണം'; അഭ്യര്‍ത്ഥനയുമായി സോനു സൂദ്

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ സോനു സൂദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സോനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും ചാരിറ്റി സംഘടനകളോടും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ചിലര്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. ചിലരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. 8, 10, 12 വയസുള്ള കുട്ടികളുടെയും മാതാപിതാക്കള്‍ മരിച്ചിട്ടുണ്ട്. താന്‍ എപ്പോഴും ഇവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാറുണ്ട്. അതിനാല്‍ സര്‍ക്കാരിനോട് ഈ കുട്ടികളുടെ പഠനം സൗജന്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

“”അത് സര്‍ക്കാര്‍ സ്‌കൂളിലാണെങ്കിലും, സ്വകാര്യ സ്‌കൂളിലാണെങ്കിലും ചെയ്യണം. സ്‌കൂള്‍ പഠനം മുതല്‍ കോളജ് വരെയുള്ള ചെലവ് സര്‍ക്കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും ചാരിറ്റി സംഘടനകള്‍ വഹിക്കണം. അവര്‍ക്ക് എന്താണോ പഠിക്കേണ്ടത് അതിന് അവര്‍ക്ക് സാധിക്കണം എന്നാണ് സോനു വീഡിയോയില്‍ പറയുന്നത്.

കോവിഡ് ആദ്യ ഘട്ടം മുതല്‍ സോനു രാജ്യത്തിനും ജനങ്ങള്‍ക്കും കൈത്താങ്ങായി എത്തിയിരുന്നു. നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ബസിലും വ്യോമമാര്‍ഗത്തില്‍ കൂടിയും താരം സ്വദേശത്ത് എത്തിച്ചിരുന്നു. കോവിഡ് മുന്‍നിര പോരാളികള്‍ക്കായും ഭക്ഷണവും താമസിക്കാന്‍ ആഢംബര ഹോട്ടലും താരം വിട്ടു നല്‍കിയിരുന്നു.