മഹാമാരി കാലത്ത് കൈത്താങ്ങായി, രണ്ടാം തരംഗത്തില്‍ കോവിഡിന്റെ പിടിയില്‍; ആശങ്കപ്പെടേണ്ടെന്ന് സോനു സൂദ്

നടന്‍ സോനു സൂദിന് കോവിഡ്. രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ച ആദ്യ ഘട്ടം മുതല്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി എത്തിയ താരമാണ് സോനു സൂദ്. നിരവധി കുടിയേറ്റ തൊഴിലാളികളെ ബസ് ഏര്‍പ്പെടുത്തി താരം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണവും കോവിഡ് പോരാളികള്‍ക്ക് സ്വന്തം ആഢംബര ഹോട്ടലുകളും താമസിക്കാനായി താരം വിട്ടു നല്‍കിയിരുന്നു.

സോനു തന്നെയാണ് കോവിഡ് ബാധിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. “”ഇന്ന് രാവിലെ കോവിഡ് പോസിറ്റിവായി. മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ തന്നെ ഞാന്‍ സ്വയം ക്വാറന്റൈനിലായിരുന്നു. ആരും ആശങ്കപ്പെടേണ്ട. ഇനി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് ഇഷ്ടംപോലെ സമയമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാനിവിടെ തന്നെയുണ്ട്”” എന്ന് താരം ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് താരത്തിന് ആശംസകളും പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗെറ്റ് വെല്‍ സൂണ്‍ സോനു എന്ന ഹാഷ്ടാഗുകളാണ് ട്രെന്‍ഡിംഗ് ആവുന്നത്. കോവിഡ് രണ്ടാം തംരഗം രൂക്ഷമാകുന്നതിനിടെ നിസഹായത തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം സോനു ട്വീറ്റ് ചെയ്തിരുന്നു.

“”രാവിലെ മുതല്‍ ഫോണ്‍ താഴെ വച്ചിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി ആശുപത്രി കിടക്കകള്‍ക്കും മരുന്നിനും ഇന്‍ജക്ഷനും വേണ്ടിയുള്ള വിളി വരുന്നു. പലര്‍ക്കും ഇതൊന്നും ലഭ്യമാക്കാനായില്ല. നിസ്സഹായത തോന്നുന്നു. സാഹചര്യം പേടിപ്പെടുത്തുന്നതാണ്. എല്ലാവരും ദയവ് ചെയ്ത് വീട്ടിലിരിക്കുക, മാസ്‌ക് ധരിക്കുക, സ്വയം മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുക”” എന്നായിരുന്നു സോനുവിന്റെ ട്വീറ്റ്.