മകന്‍ ഗായകന്‍ ആകണമെന്ന് ആഗ്രഹിക്കുന്നില്ല, ആയാലും ഇന്ത്യയില്‍ വേണ്ട: സോനു നിഗം പറയുന്നു

മകന്‍ ഗായകന്‍ ആകുന്നതില്‍ താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് ഗായകനും സംഗീത സംവിധായകനുമായ സോനു നിഗം. ജന്മനാ പാട്ടുപാടാന്‍ കഴിവുള്ള കുട്ടിയാണ് മകന്‍ നീവന്‍. അവന്‍ ഗായകന്‍ ആയാലും ഇന്ത്യയില്‍ വേണ്ട എന്നാണ് സോനു നിഗം ടൈംസ് നൗവിനോട് തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ സംഗീതരംഗം മാഫിയക്ക് കീഴിലാണെന്ന് തുറന്നു പറഞ്ഞ ഗായകനാണ് സോനു.

“”സത്യം പറഞ്ഞാല്‍ മകന്‍ ഗായകന്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയാലും ഈ രാജ്യത്ത് വേണ്ട. എന്തായാലും അവന്‍ ഇപ്പോള്‍ ഇന്ത്യയിലില്ല. ദുബായില്‍ ആണ് താമസിക്കുന്നത്. അവനെ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നും മാറ്റിയിരുന്നു. യുഎഇയിലെ ഏറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് അവന്‍.””

“”നല്ല കഴിവുള്ള ഗുണങ്ങളുള്ള മിടുക്കനായ കുട്ടിയാണ്. എന്ത് ചെയ്യണമെന്ന് അവനോട് പറയാന്‍ താത്പര്യമില്ല. അവന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് നോക്കാം”” എന്നാണ് സോനു നിഗത്തിന്റെ വാക്കുകള്‍. ബോളിവുഡ് സംഗീതരംഗം ഭരിക്കുന്ന മാഫിയയെ കുറിച്ച് വെളിപ്പെടുത്തി ഗായകന്‍ രംഗത്തെത്തിയിരുന്നു. വൈകാതെ സംഗീതരംഗത്തു നിന്നും ആത്മഹത്യകള്‍ കേള്‍ക്കാം എന്നാണ് സോനു നിഗം പറഞ്ഞത്.

സുശാന്ത് സിംഗ് ാരജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കുവെച്ച വ്‌ളോഗിലൂടെയാണ് സോനു പ്രതികരിച്ചത്. നാളെ ഒരു ഗായകനോ, സംഗീത സംവിധായകനോ എഴുത്തുകാരനോ മരിച്ചെന്ന് നിങ്ങള്‍ക്ക് കേള്‍ക്കാം. അതാണ് നമ്മുടെ രാജ്യത്തെ സംഗീതലോകത്തെ അവസ്ഥ എന്നായിരുന്നു സോനുവിന്റെ വാക്കുകള്‍.