'ബലാത്സംഗം ചെയ്യുന്നവരെ പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റണം, എന്നാല്‍ ഇന്ദിര ജയ്‌സിംഗിനെ ബഹുമാനിക്കുന്നു'

നിര്‍ഭയ കേസിലെ പ്രതികളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റണമെന്ന നടി കങ്കണ റണാവത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് നടി സിമി ഗരേവാള്‍. പ്രതികളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിലേറ്റിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയമത്തില്‍ ഭയമുണ്ടാവുകയുള്ളു എന്ന് നടി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അഡ്വ. ഇന്ദിര ജയ്‌സിംഗിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് ശക്തമായ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയത്. ഇത് ചര്‍ച്ചയായതോടെയാണ് കങ്കണയേയും സഹോദരി രംഗോലിയേയും പിന്തുണച്ച് സിമി ട്വീറ്റ് ചെയ്തത്. “”പീഡനം നടത്തുന്ന ക്രിമിനലുകളെ പൊതുമദ്ധ്യത്തില്‍ തൂക്കിലേറ്റണം. മാതൃക സൃഷ്ടിക്കണം. ഇതിലൂടെ നിയമത്തില്‍ ഭയമുണ്ടാക്കണം”” എന്ന് സിമി ട്വീറ്റ് ചെയ്തു.

2019ലും പ്രതികളെ പൊതുമധ്യത്തില്‍ തൂകക്കിലേറ്റണമെന്ന് സിമി ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരു പറഞ്ഞ് നിര്‍ഭയയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാളെ പുറത്തുവിട്ടതിനും രൂക്ഷ ഭാഷയില്‍ സിമി വിമര്‍ശിച്ചിരുന്നു.