‘ഓണ്‍ ഡ്രൈവിലും ഓഫ് ഡ്രൈവിലും ഹെല്‍മെറ്റ് ധരിക്കുന്ന സുഹൃത്തേ, മീന്‍കറിയുമായി ഉടനെ കാണാം’; സച്ചിന് കിംഗ് ഖാന്റെ കിടിലന്‍ മറുപടി

സിനിമയില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന് ആശംസയറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സച്ചിന്റെ ട്രോള്‍ ആശംസയ്ക്ക് മറുപടിയറിയിച്ചിരിക്കുകയാണ് ഷാരൂഖ്.

ഓണ്‍ ഡ്രൈവിലും ഓഫ് ഡ്രൈവിലും എന്തിന്, സ്‌ട്രെയിറ്റ് ഡ്രൈവില്‍ വരെ ഹെല്‍മെറ്റ് ധരിക്കുന്ന സുഹൃത്തേ, വലിയ പാഠം ഞാനിപ്പോള്‍ പഠിച്ചു കഴിഞ്ഞു. സച്ചിനില്‍ നിന്നാണ് ഡ്രൈവിങിന്റെ ചില പാഠങ്ങള്‍ പഠിച്ചതെന്ന് ഭാവിയില്‍ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാല്ലോ. കുറച്ച് മീന്‍ കറിയുമായി ഉടനെ കാണാം, നന്ദിയെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.

കന്നിചിത്രം ദീവാനയിലെ എന്‍ട്രീ സീന്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് ഷാറുഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്.ഷാറൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു സച്ചിന്റെ വാക്കുകള്‍. പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരിക്കലും ഹെല്‍മെറ്റ് വലിച്ചെറിയരുതെന്നും ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ്  സച്ചിന്‍ പറഞ്ഞത്.