ആര്യനുമായി സംസാരിച്ചത് ഇരുപത് മിനിറ്റ്; ആരാധകരെ കൈകൂപ്പി അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാന്‍

ആര്‍തര്‍ ജയിലില്‍ എത്തിയ ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനുമായി സംസാരിച്ചത് 20 മിനിറ്റോളം. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാന്‍ ഷാരൂഖ് എത്തുന്നത്. വന്‍ മാധ്യമപ്പടയാണ് ഷാറൂഖിനെ കാത്തു നിന്നത്. ആരാധകരും താരത്തെ കാണാന്‍ ജയില്‍ പരിസരത്ത് നിറഞ്ഞിരുന്നു.

എന്നാല്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ഷാരൂഖ് സംസാരിച്ചില്ല. നിര്‍ദേശങ്ങളൊക്കെ പാലിച്ച് ഷാരൂഖ് ജയിലിനുള്ളില്‍ കയറി. ഏകദേശം 20 മിനിറ്റോളം ആര്യനുമായി ഷാരൂഖ് സംസാരിച്ചെന്നാണ് ജയില്‍ അധികാരികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും കാണാനെത്തിയ ആരാകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. അവരെ നിരാശരാക്കാനും താരം തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തു.

നേരത്തെ, ഒരു റിപ്പോര്‍ട്ട് ഷാരൂഖിന്റെ ഉറ്റ സുഹൃത്തിനെ അധികരിച്ച് പുറത്തു വന്നിരുന്നു. ഷാരൂഖ് ദുഃഖിതനും കോപാകുലനുമാണ്. ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ല, നിസ്സഹായനായ ഒരു പിതാവിനെ പോലെ തകര്‍ന്നിരിക്കുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.