ഷാരൂഖ് ഖാന്റെ നായികയാകാന്‍ തപ്‌സി പന്നു; രാജ്കുമാര്‍ ഹിരാനി ചിത്രം കുടിയേറ്റത്തെ കുറിച്ച്

Advertisement

ഷാരൂഖ് ഖാന്റെ നായികയായി തപ്‌സി പന്നു എത്തുന്നു. രാജ്കുമാര്‍ ഹിരാനി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം തപ്‌സി അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ കുറിച്ചുള്ള ചിത്രത്തില്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ക്കുന്ന വ്യക്തിയുടെ വേഷത്തിലാണ് ഷാരൂഖ് എത്തുക.

എന്നാല്‍ ചിത്രത്തിന്റെ പേരുവിവരങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019ല്‍ പുറത്തിറങ്ങിയ ബദ്‌ല എന്ന ചിത്രത്തില്‍ തപ്‌സി ഷാരൂഖിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ ആണ് ബദ്‌ല നിര്‍മ്മിച്ചത്. എന്നാല്‍ ആദ്യമായാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഷാരൂഖ് ഇപ്പോള്‍. സീറോ എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ഷാരൂഖ് രണ്ട് വര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. സസ്‌പെന്‍സ് ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക.

അതേസമയം, അനുരാഗ് കശ്യപിന്റെ ദോ ബാര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് തപ്‌സി. ലൂപ് ലപ്പേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ദോ ബാരയില്‍ ജോയിന്‍ ചെയ്തത്. ഇതിന് ശേഷം വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിന്റെ ബയോപിക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കും.