ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ചെയ്യരുത് ,ആരാധകനെ ശകാരിച്ച് ഷാരൂഖ് ഖാന്‍

ചില ആരാധകര്‍ താരങ്ങളെ ദൈവങ്ങളെപ്പോലെയാണ് കാണുന്നത്. അവരുടെ ശ്രദ്ധനേടാനും സന്തോഷിപ്പിക്കാനുമായി എന്തു ചെയ്യാനും ഇത്തരക്കാര്‍ ഒരുക്കമാണ്. എന്നാല്‍ പലപ്പോഴും തങ്ങളുടെ പേരില്‍ ആരാധകര്‍ കാണിച്ചുകൂട്ടുന്നതിനെ എതിര്‍ത്ത് താരങ്ങള്‍ തന്നെ നേരിട്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു റിപ്പോര്‍ട്ട് ബോളിവുഡില്‍ നിന്നു വന്നിരിക്കുന്നു.

കിംഗ് ഖാന്റെ ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര ഡാന്‍സ് ഏവരുടെയും ഹരമായി മാറിയ ഒന്നാണ്. കഴിഞ്ഞ ദിവസം ഒരു കിംഗ് ഖാന്‍ ആരാധകന്‍ താന്‍ ജാബ്ര ഡാന്‍സ് കളിയ്ക്കുന്നതിന്റെ വീഡിയോ ഷാരൂഖിനായി ട്വിറ്ററില്‍ പങ്കുവച്ചു. ഒരു ഹോര്‍ഡിംഗിന്റെ മുകളില്‍ നിന്ന് അതിസാഹസികമായാണ് കരണ്‍പട്ടേല്‍ നൃത്തം ചെയ്യുന്നത്.

ഈ വീഡിയോ കണ്ട് ഷാരൂഖ് തന്നെ അഭിനന്ദിക്കുമെന്നൊക്കെയാണ് ആരാധകന്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഇത് എന്തൊരു ഭീകരമാണ്. ഇത്തരം അപകടകരമായ കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുതെന്ന് ഷാരൂഖ് ആരാധകന് ഉപദേശം നല്‍കി. അതേസമയം കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് 13 അടി ഉയരമുള്ള മതിലില്‍ നിന്നു ചാടിയതിന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫും ഒരു ആരാധകനെ ശകാരിച്ചിരുന്നു.