പോസ്റ്ററുകള്‍ വലിച്ചുകീറി, തീവെച്ച് ജാതിസംഘടനകളുടെ പ്രതിഷേധം; ബ്രാഹ്മണര്‍ക്ക് മാത്രം എന്താണ് ഇത്ര അസ്വസ്ഥതയെന്ന് സംവിധായകന്‍; ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനം നിര്‍ത്തി

ആയുഷ്മാന്‍ ഖുരാനയുടെ ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനത്തിന് നേരെ രൂക്ഷമായ പ്രതിഷേധം. രാജ്യത്തെ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ കാണ്‍പൂരില്‍ തീയേറ്ററുകള്‍ക്ക് നേരെ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് തീയേറ്ററുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

തീയേറ്ററുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായെത്തിയ സംഘം പോസ്റ്ററുകള്‍ നിശിപ്പിക്കുകയും കട്ടൗട്ടുകള്‍ക്ക് തീയിടുകയും ചെയ്തു. എല്ലാ ഷോകളും ഹൗസ്ഫുള്ളാണെന്നും എന്നാല്‍ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുകയും പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

“എല്ലാ ജില്ലകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ കാണ്‍ പൂരിലെ ബ്രാഹ്മണര്‍ മാത്രം എന്തിനാണ് അസ്വസ്ഥരാകുന്നത്? ജില്ലാ ഭരണകൂടത്തിന്റെ നിഷ്‌ക്രിയ നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്”- സംവിധായകന്‍ അനുഭവ് സിന്‍ഹ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15നെപ്പറ്റി പ്രതിപാദിക്കുന്നതാണ് ചിത്രം. കുറ്റാന്വേഷണ കഥയായി മുന്നോട്ടുപോകുന്ന ചിത്രം,ജാതികൊലപാതകങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. 2014ലെ ബദാവുന്‍ കൂട്ട ബലാത്സംഗ കേസ്, 2016ലെ ഉന ആക്രമണം എന്നിവയൊക്കെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.