അയല്‍വാസി എന്നെ അപകീര്‍ത്തിപ്പെടുത്തി; പരാതിയുമായി സല്‍മാന്‍ ഖാന്‍

 

അയല്‍വാസി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പരാതിയുമായി സല്‍മാന്‍ ഖാന്‍. നടന്റെ പരാതിയില്‍ അയല്‍വാസിയായ കേതന്‍ കക്കാഡിനെതിരെ പൊലീസ് കേസെടുതിരിക്കുകയാണ്. ഭൂമി വില്‍പ്പന ഇടപാടുമായി ബന്ധപ്പെട്ട് കേതന്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് നടന്റെ പരാതി.

യൂട്യൂബിലെ അഭിമുഖത്തിലൂടെയാണ് സല്‍മാനെതിരെ ആരോപണം.താരത്തിന്റെ പന്‍വേല്‍ ഫാംഹൗസിന് സമീപം കേതന്‍ കക്കാഡിന് വസ്തു ഉണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതന്‍ നടനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.

 

സല്‍മാന്‍ ഖാനെ കുറിച്ച് മറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കക്കാഡിനെ തടയണമെന് കോടതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം മുംബൈ സിറ്റി സിവില്‍ കോടതി നിരസിച്ചു. കൂടാതെ ഇടക്കാല നിരോധനത്തിനുള്ള ഉത്തരവും പുറപ്പെടുവിച്ചില്ല.

കേസ് ജനുവരി 21 ന് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചിരിക്കുന്നതായി ജഡ്ജി അനില്‍ എച്ച് ലദ്ദാദ് അറിയിച്ചു. കേതന്‍ കക്കാഡിന്റെ പന്‍വേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നില്‍ നടനാണ് എന്നാരോപിച്ചാണ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.