വീണ്ടും കൈത്താങ്ങായി സല്‍മാന്‍ ഖാന്‍; 25,000 സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി താരം

രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി നടന്‍ സല്‍മാന്‍ ഖാന്‍. ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ് ബോയിമാര്‍ തുടങ്ങിയ 25000 പേര്‍ക്ക് സല്‍മാന്‍ ധനസഹായം നല്‍കും.

ആദ്യ ഗഡുവായി 1500 രൂപ അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് സല്‍മാന്‍ ഖാന്‍ നിക്ഷേപിക്കും എന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു. കോവിഡ് ആദ്യഘട്ടത്തിലും സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സല്‍മാന്റെ വീഡിയോയും വൈറലായിരുന്നു. 5000 ഭക്ഷണ പൊതികളാണ് മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമായി സല്‍മാന്‍ വിതരണം ചെയ്തത്.

അതേസമയം, സിനിമാരംഗത്തെ 35000 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 5000 രൂപ വീതം നല്‍കാന്‍ യഷ്രാജ് ഫിലിംസുമായി ധാരണയായതായി എഫ്.ഡബ്ല്യു.ഐ.സി.ഇ അറിയിച്ചു. നാല് പേരുള്ള കുടുംബത്തിന് പ്രതിമാസ റേഷനും യഷ്രാജ് ഫിലിംസ് വിതരണം ചെയ്യും.