എന്റെ അമ്മ ഹിന്ദുവാണ്, സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്: സല്‍മാന്‍ ഖാന്‍

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം അയല്‍വാസി തന്റെ മതത്തെ വലിച്ചിഴയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍. അയല്‍വാസിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് താരം കോടതിയില്‍ പ്രതികരിച്ചത്.

പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന്‍ കക്കാഡിന് എതിരെയാണ് താരം അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്.

”എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ മുസ്ലിമും. സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങള്‍. പിന്നീട് എന്തിനാണ് താങ്കള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?” എന്നാണ് സല്‍മാന്‍ ചോദിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് സല്‍മാന്റെ ആരോപണം. ഡി-കമ്പനിയില്‍ മുന്‍നിര അംഗമാണ് സല്‍മാന്‍ ഖാനെന്ന് കേതന്‍ അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന്‍ കുട്ടികളെ കടത്തുന്നുണ്ടെന്നും നിരവധി സിനിമാ താരങ്ങളെ ഫാംഹൗസില്‍ കൊന്നു കുഴിച്ചിട്ടുണ്ട് എന്നെല്ലാമാണ് കേതന്റെ ആരോപണങ്ങള്‍.

എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.