ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍; സല്‍മാന് പാമ്പു കടിയേറ്റത് കൈയ്യില്‍!

സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റത് കൈയ്യില്‍. ക്രിസ്മസ് രാത്രി പന്‍വേലിലെ ഫാം ഹൗസില്‍ സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് പാമ്പു കടിയേറ്റത്. ആറ് മണിക്കൂറോളം താരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

സല്‍മാന്‍ ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് നാളെ. പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ ഫാം ഹൗസില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പു കടിയേറ്റത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഫാം ഹൗസില്‍ എത്തിയിരുന്നു.

വനപ്രദേശത്താണ് സല്‍മാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളും മൃഗങ്ങളും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ഈ ഫാം ഹൗസിലുണ്ട്. ര്രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തെ പാമ്പു കടിച്ചത്.

കയ്യില്‍ കുത്തേറ്റതോടെ സല്‍മാന്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫാമില്‍ ഇതിനു മുമ്പും പാമ്പുകളെ കണ്ടിരുന്നു.

തോട്ടം ജോലിക്കാരോട് കൂടുതല്‍ പാമ്പിനെ സൂക്ഷിക്കണമെന്നും സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് താരത്തിന് പാമ്പു കടിയേല്‍ക്കുന്നത്. വിഷമില്ലാത്ത പാമ്പ് ആയതിനാല്‍ ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന താരത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.