സിനിമയില്‍ ഗോഡ്ഫാദറില്ല, നായകന്‍മാര്‍ക്ക് ഒപ്പം കിടന്നുകൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ അഹങ്കാരിയായി: രവീണ ടണ്ടന്‍

ബോളിവുഡിലെ “വൃത്തികെട്ട” രാഷ്ട്രീയത്തിനെതിരെ നടി രവീണ ടണ്ടനും. സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചാണ് രവീണ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ ഗോഡ്ഫാദറില്ല, നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും താന്‍ അഹങ്കാരി ആയെന്ന് നടി പിങ്ക്‌വില്ലയോട് പറഞ്ഞു.

“”സിനിമയില്‍ ഗോഡ്ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്‍മാരും ഇല്ലായിരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്‍മാര്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല”” എന്നാണ് രവീണയുടെ വാക്കുകള്‍.

നായകന്‍മാരാലും അവരുടെ കാമുകിമാരാലും ചിലര്‍ ഒഴിവാക്കപ്പെടും. കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ അവര്‍ക്കെതിരെ നിരന്തരം നല്‍കും. ചിലര്‍ എല്ലാം അതിജീവിച്ച് മുന്നേറും മറ്റു ചിലര്‍ക്ക് കഴിയില്ല. സത്യം തുറന്നു പറയുമ്പോള്‍ പലപ്പോഴും നുണയാണെന്ന് മുദ്ര കുത്തപ്പെടും, തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തും. എന്നാല്‍, താന്‍ പോരാടി കരിയര്‍ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ പറഞ്ഞു.

വനിത മാധ്യമപ്രവര്‍ത്തകര്‍ പോലും അന്നൊന്നും തനിക്ക് പിന്തുണയുമായി എത്തിയില്ല. പ്രശസ്തരായ പുരുഷ താരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അവരും ആഗ്രഹിച്ചത്. അവര്‍ തന്നെയാണ് ഇന്നും സ്ത്രീപക്ഷ ലേഖനങ്ങള്‍ എഴുതി കൊണ്ടിരുന്നതും എന്നും രവീണ വ്യക്തമാക്കി.