രാണു മൊണ്ടാലിന്റെ ആദ്യ ബോളിവുഡ് ഗാനം സൂപ്പര്‍ ഹിറ്റ്; രണ്ടു ദിനം കൊണ്ട് മൂന്ന് കോടിയ്ക്ക് അടുത്ത് കാഴ്ച്ചക്കാര്‍

ലതാമങ്കേഷ്‌കറിനെ പോലും അമ്പരപ്പിച്ച പ്രകടനവുമായി രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാല്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. തെരുവോര ഗായികയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സിനിമാ പിന്നണി ഗായികയിലേക്ക് രാണുവിന്റെ മേല്‍വിലാസം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് അവരുടെ ശബ്ദമാധുര്യം. ഇപ്പോഴിതാ “ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍” എന്ന ചിത്രത്തിനായി രാണു മൊണ്ടാല്‍ ആലപിച്ച “തേരി മേരി കഹാനി” എന്ന ഗാനത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

“തേരി മേരി കഹാനി” എന്ന ഗാനത്തിന്റെ മുഴുവന്‍ വീഡിയോ രൂപം 28-ാം തിയതിയാണ് അണിയറ പ്രവര്‍ത്തകര്‍ യൂ ട്യൂബിലൂടെ പുറത്തുവിട്ടത്. രണ്ടു ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 2 കോടി 96 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.

Read more

പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് ശ്രുതിമാധുര്യത്തോടെ ഗാനമാലപിച്ച രാണുവിന്റെ വീഡിയോ സൈബറിടങ്ങളില്‍ വന്‍ ഹിറ്റായി. ഇതോടെ രാജ്യം മുഴുവന്‍ ആ ദൈവിക ശബ്ദത്തെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. മാത്രമല്ല വമ്പന്‍ മേക്കോവറും നടത്തി. ഇപ്പോള്‍ ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.