വിവാദങ്ങളില്‍ തട്ടി വീണ് മഹാഭാരതം, ഇനി രാമായണം; 500 കോടി ബജറ്റില്‍ ത്രീഡി ചിത്രം

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ 1000 കോടി രൂപ മുതല്‍മുടക്കില്‍ മഹാഭാരതമെന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു എന്നാല്‍ തിരക്കഥയുടെ പേരില്‍ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചിത്രം പ്രതിസന്ധിയിലായി. മഹാഭാരതം മുടങ്ങിയെങ്കിലും രാമായണം സിനിമയാകുന്നതായാണ് റിപ്പോര്‍ട്ട്. 500 കോടി രൂപ മുതല്‍ മുടക്കിലാണ് രാമായണം വെള്ളിത്തിരയിലേക്കെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡൈമന്‍ഷന്‍ (3-ഡി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്.

ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മ്മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദയ്വാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രാമായണം എന്ന ഇതിഹാസത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇത്. മൂന്ന് ഭാഗങ്ങളായാണ് പുറത്തിറക്കുന്നത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2021- ല്‍ ചിത്രം പുറത്തിറങ്ങുമെന്ന് നിതേഷ് തിവാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.