പ്രിയ വാര്യര്‍ക്ക് ഒപ്പം അര്‍ബാസ് ഖാനും; 'ശ്രീദേവി ബംഗ്ലാവ്' ട്രെയ്‌ലര്‍

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം “ശ്രീദേവി ബംഗ്ലാവി”ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒരു ബോളിവുഡ് സൂപ്പര്‍ നായികയായാണ് പ്രിയ ചിത്രത്തില്‍ വേഷമിടുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പറയുന്നത്. ഇത് അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന അഭ്യൂഹങ്ങളാണ് വിവാദത്തിന് കാരണമായത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയതോടെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അസീം അലിഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരും വേഷമിടുന്നു. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

അനൂപ് മേനോന്‍ നായകനാകുന്ന “ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി” എന്ന ചിത്രമാണ് പ്രിയ മേനോന്റെ അടുത്ത സിനിമ. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.