ഇന്ത്യയില്‍ ലോക്ഡൗണും യാത്രാവിലക്കും, തുര്‍ക്കിയില്‍ എത്തിയത് എങ്ങനെ? പരിനീതിയോട് ആരാധകര്‍; മറുപടിയുമായി താരം

തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിച്ച് നടി പരിനീതി ചോപ്ര. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംശയവുമായി ആരാധകരും എത്തി. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് കോവിഡ് കാലത്ത് തുര്‍ക്കിയില്‍ എങ്ങനെയെത്തി എന്ന് പരിനീതി വ്യക്തമാക്കിയത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ഇന്ത്യയില്‍ പലയിടത്തും ലോക്ഡൗണും യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ പരിനീതി എങ്ങനെ തുര്‍ക്കിയില്‍ എത്തി എന്നാണ് പലര്‍ക്കും അറിയേണ്ടത്. മാര്‍ച്ച് മുതല്‍ താന്‍ ഇന്ത്യക്ക് പുറത്തായിരുന്നു എന്നാണ് താരം പറയുന്നത്.

”ഇന്ത്യയില്‍ നിന്നും മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഞാന്‍ ഇത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, മാര്‍ച്ച് മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാന്‍ നിസാരമായി കാണുന്നുമില്ല” എന്ന് പരിനീതി വ്യക്തമാക്കി.

അസൂയ തോന്നുന്നു എന്നാണ് പരിനീതിയുടെ പ്രിയങ്ക ചോപ്ര ചിത്രങ്ങള്‍ക്ക് കമന്റായി കുറിച്ചത്. ‘സന്ദീപ് ഔര്‍ പിങ്കി ഫറാര്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് പരിനീതിയുടെതായി അടുത്തിടെ റിലീസ് ചെയ്തത്. അര്‍ജുന്‍ കപൂര്‍ നായകനായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.