അമ്പതാം വയസിലും അവന്‍ നായകന്‍, എനിക്ക് അമ്മ വേഷങ്ങളും: ബോളിവുഡ് നടി

സിനിമാലോകത്തെ പുരുഷാധിപത്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി നുസ്രത്ത് ബറൂച. ഒരു നടിയെന്ന നിലയില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തന്റെ മൂല്യം ഇടിയുമെന്നും എന്നാല്‍ നടന്‍മാര്‍ നായകരായി തന്നെ അഭിനയിക്കുമെന്നാണ് ഒരു അഭിമുഖത്തിനിടെ നടി വ്യക്തമാക്കുന്നത്.

പുരുഷാധിപത്യ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇരയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഈ ലോകത്ത് എന്റേതായ ലോകം സൃഷ്ടിക്കുകയാണ്. എനിക്കറിയാം 50ാം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മ വേഷങ്ങള്‍ മാത്രമെ ലഭിക്കൂ. അങ്ങനെയാണ് സിനിമാ മേഖല പ്രവര്‍ത്തിക്കുന്നത്. ബോളിവുഡില്‍ നായകനാണ് എല്ലാം. നായകന്റെ അരിക് ചേര്‍ന്ന് നില്‍ക്കാനേ നായികക്ക് കഴിയൂ. കാര്‍ത്തികിന്റെ വഴികള്‍ എന്റേതിനേക്കാള്‍ വിശാലമായിരിക്കും. എന്റെ യാത്രയില്‍ ഞാന്‍ സന്തുഷ്ടയാണ്” എന്നാണ് നുസ്രത്ത് പറയുന്നത്.

കൂടാതെ അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് ഈ മേഖലയില്‍ തുടരുന്നതെന്നും പ്യാര്‍ കാ പഞ്ച്നാമക്ക് ശേഷം മറ്റ് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നും അത് ബോളിവുഡ് നായികയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളിലൊന്നും താന്‍ ഉള്‍പ്പെടാത്തതു കൊണ്ടാണെന്നും നുസ്രത്ത് പറയുന്നു. കാര്‍ത്തിക് ആര്യനൊപ്പം ആകാശ് വാണി എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നുസ്രത്ത് ഇപ്പോള്‍. പ്യാര്‍ കാ പഞ്ച് നാമാ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.