ഷാരൂഖ്, ആമീര്‍, സല്‍മാന്‍ – പ്രശസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനം ആര്‍ക്ക്

ഖാന്‍ത്രയങ്ങള്‍ അരങ്ങ് വാഴുന്ന ഇന്ത്യന്‍ സിനിമാ രംഗത്ത് അവര്‍ക്ക്ശേഷം പ്രശസ്തിയുടെ പട്ടികയില്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ ഉണ്ടാവാം. അമിതാഭ് ബച്ചന്റെയോ അക്ഷയ്കുമാറിന്റെയോ ഹൃത്വിക്കിന്റെയോ പോരാണ് നിങ്ങള്‍ ഊഹിച്ചതെങ്കില്‍ തെറ്റി. ഐഎംബിഡി പുറത്ത് വിട്ട ഏറ്റവും പ്രശസ്തരായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമതായി ഇടം നേടിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രശസ്തയായ തമന്ന ഭാട്ടിയ ആണ്.

ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാചരിത്രത്തില്‍ നാഴികകല്ലായി മാറിയ ബാഹുബലി സിനിമയിലൂടെയാണ് തമന്ന ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മൊഴിമാറ്റിയെത്തിയ ചിത്രത്തിന്റെ രണ്ടാം പതിപ്പില്‍ കാര്യമായി മുഖം കാണിക്കാനായില്ലെങ്കിലും സിനിമയില്‍ മുഴുനീളെ തിളങ്ങിനിന്ന നായകന്‍ പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയെയും പിന്നിലാക്കിക്കൊണ്ടാണ് തമന്ന പട്ടികയില്‍ നാലാമതായത്. അഞ്ചാം സ്ഥാനത്ത് പ്രഭാസ് നില്‍ക്കുമ്പോള്‍ എട്ടാമതാണ് അനുഷ്‌ക.

സാമ്പത്തികമായി വലിയ വിജയങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും റയീസ്, ജബ് ഹാരി മെറ്റ് സെജാള്‍ എന്നീ ചിത്രങ്ങളാണ് ഷാരൂഖിനെ ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഒന്നാമനാക്കിയത്. ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ആമീറാണ് ഇന്റര്‍നെറ്റ് ഡേറ്റയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ രണ്ടാമന്‍.

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രവും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് വിളിപ്പേരുള്ള ആമീറിന്റെ ജനപ്രീതി കൂട്ടി. വിജയങ്ങള്‍ മാത്രം ശീലിച്ച പ്രിയതാരത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ ട്യൂബ് ലൈറ്റ് വേണ്ടത്ര ‘കത്തിയില്ലെ’ങ്കിലും സല്‍മാന്‍ തന്നെ മൂന്നാം സ്ഥാനത്ത്. ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ച് വരവാണ് സല്‍മാന്‍ നടത്തിയത്. ഇര്‍ഫാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ, ഹൃത്വിക് റോഷന്‍, കത്രീന കൈഫ് എന്നിവര്‍ യഥാക്രമം ആറും ഏഴും ഒമ്പതും പത്തും സ്ഥാനത്താണ്.